Tuesday, 22 January 2013

അകലേയ്ക്ക്

ഓര്‍മ്മകളുടെ പശപ്പില്‍
എന്നിലേക്കൊട്ടിച്ചേര്‍ന്ന നിന്റെ
സ്നേഹത്തിന്റെ ചിത്രം
പറിച്ചെറിയുവാനാഞ്ഞുവെങ്കിലും
എന്നത്തെയുംപോലെയിന്നുമൊരൂ
നോവിക്കുന്ന രക്തക്കറ എന്റെ
മനസ്സിന്റെ ഭിത്തിയില് പതിച്ചുകൊണ്ടതെന്നിലേക്ക്
താഴ്ന്നിറങ്ങി..
നിറങ്ങള്‍ കൊഴിഞ്ഞുവീണ
സ്വപ്നങ്ങളില്‍ അതിന്‍ നിഴലെനിക്ക്
കൂട്ടുനില്‍ക്കവേ
ഇന്നലകളെന്നിലേക്ക് നടന്ന
വഴികളില്‍ നിന്റെ
കാല്പ്പെരുമാറ്റത്തിന്റെ
ഇലയനക്കങ്ങള്‍ പിടഞ്ഞു.
നിന്റെ മറവിതന്‍ ആഴങ്ങളില്‍
മരിച്ചുവെന്നിരിക്കിലും
മരവിച്ച ഏകാന്തതയിലും നിന്‍
കയ്യ് വിരലിന്‍ ചൂടിലെനിക്ക്
പുനര്‍ജ്ജന്മം.
പകരത്തിനൊരു പകരംപോലുമില്ലന്ന-
റിവൂ  ഞാന്‍..,
നിന്നിലേക്ക് പൂക്കാനും
കൊഴിയാനുമിനിയേറെ വസന്തങ്ങള്‍
ബാക്കിയാവുന്നെങ്ങിലും
കണ്ണീരിന്‍ നനവുകളില്‍
ചിരിമരത്തിന്‍ വിത്തുകള്‍
പാകി നീയൊരുക്കിയ
തണല്‍ വഴികളിലൂടെ  ഞാന്‍നടന്നുന്നീങ്ങുന്നു.

Sunday, 20 January 2013

പോസ്റ്മോര്‍ട്ടം

തയ്യല്‍ക്കാരിയുടെ നിറം മങ്ങിയ ടേബിളില്‍ വിറങ്ങലിച്ച ശവംപോലെ ഞാനിന്നലെ വാങ്ങിയ ചുരിദാര്‍പ്പീസ് മലര്‍ന്നുകിടക്കുകയായിരുന്നു.അവളുടെ കാലന്‍കത്രിക എല്ലാ സ്വകാര്യതകളെയും ഭേദിച്ചുകൊണ്ട് കയ്യ് വെട്ടലും കാല്‍ വെട്ടലും കഴുത്ത് മുറിക്കലുമാരംഭിച്ചു.മാന്തിപൊളിച്ച ജഡമായി അത് അവ്യക്തരൂപം പൂണ്ടു.ശവംകൊല്ലീയുടെ മുഖത്തെ നിര്‍വികാരത കണ്ടുനില്‍ക്കാനൊരാനന്ദം ഉണ്ടായിരുന്നു.പൊളിച്ചു പുറത്തേക്കിട്ടതെല്ലാം കുത്തിനിറക്കുകയും തുന്നിക്കൂട്ടുകയുമായിരുന്നു അവള്‍...,ഒടുവില്‍ എന്റെ മുന്നിലേക്ക് അവളെടുത്തിട്ടത് എന്റെ തലയില്ലാത്ത രൂപമായിരുന്നു........

Friday, 11 January 2013

എന്നെയറിയാമോ?

അമ്മയുടെ മാറില്‍ ഖനീഭവിച്ചുപോയത്
എനിക്ക് നിഷേധിക്കപ്പെട്ട ജീവന്‍
പ്ലാസ്റ്റിക്ക് കുപ്പിയില്‍ നിറച്ചുതന്നത്
നിര്‍ജീ വത്വത്തിന്റെ തുള്ളികള്‍
മാതൃത്വത്തിനു പാന്‍പരാഗ്കൂടിന്റെ
ലഹരിയില്ലായ്മ
സംശയം നിഴലൂട്ടിയ അച്ഛന്റെ
കണ്ണുകളില്‍ കപട പിതൃത്വഭാവം
നിറമില്ലാത്ത സ്നേഹത്തിനു
ഒഴിഞ്ഞ മദ്യക്കുപ്പിയുടെ ഗന്ധം
എന്റെ വേദനകള്‍ക്ക്
എരീഞ്ഞുതീരാത്ത സിഗരറ്റിന്റെ രുചി
എനിക്ക് വേണ്ടതെല്ലാം ഡി സ്പോസിബിള്‍
ഇനി നിന്നെയും....
അതെ, ഞാന്‍ ദാഹിക്കുന്ന യുവാവ്

Friday, 9 November 2012

ആരാണ് കവി?

ഞാന്‍ കവി
കവിത പേറുന്നവന്‍
തോള്‍സഞ്ചി അയഞ്ഞ ജുബ്ബ
അതെല്ലാം എന്‍റെത്
ചോരയില്‍ മുക്കിയെഴുതുന്നത്
ജീവിതം.
ഞാനും കവി.
നീ സ്ത്രീയല്ലേ?
നീ കവിയല്ല,കടലാസാണ്
അറിയില്ലേ?
മഷിക്കുപ്പികള്‍ എന്‍റെത് മാത്രം.
തൂലികയും എനിക്കുള്ളത്.
എന്‍റെ കവിത?
നീ, നിന്‍റെ വക്കുപൊട്ടിയ കവിതകള്‍,
വെട്ടുക വേഗം ശവക്കുഴികള്‍..
നീയെന്തിനു വളര്‍ച്ചയില്ലാത്ത
ചിന്തകളെ പെറ്റുകൂട്ടുന്നത്
ഭ്രൂണമുടച്ചു തകര്‍ത്തെറിയൂ
അത് മുരടിച്ചതാണ്.
കവിത ചുമക്കേണ്ടവന്‍
ഞാന്‍‌ തന്നെയാണ്
നിനക്ക് കവിതയില്ല.
കാരണം നീ ഗര്‍ഭപാത്രം മാത്രമാണ്.
നീ ചുമക്കേണ്ടത് കവിതയല്ല,
ഇനിയുമൊരായിരം കവികളെമാത്രം.

Sunday, 4 November 2012

ഉത്ഖനനം

നിശബ്ദനായ ഞാന്‍ എല്ലാവര്‍ക്കും ഒരു തമാശ ആയിരിക്കും..അതെ ഞാനും എന്‍റെ ചുറ്റുപാടുകളും ഒരിക്കലും നിശബ്ദമാകാറെയില്ല.എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിക്കുക,സത്യത്തില്‍ എന്താണ് ചെയ്യേണ്ടത് എനിക്കു വല്യ നിശ്ചയമില്ല,എങ്കിലും എന്‍റെതായ ശരികളിലൂടെ അധ്വാനിക്കുന്ന മടി<മട>യനായി ഞാനും നിങ്ങള്‍ക്കിടയിലൂടെ നടന്നുപോകാറുണ്ട്.നിങ്ങളില്‍ ഒരു ചിരിപൊടിഞ്ഞുവോ?ചിരിച്ചോളൂ, അതൊരിക്കലും ഒരു നോവകാതിരിക്കട്ടെ..പക്ഷേ പലപ്പോഴും എനിക്കുമുന്നില്‍ ഞാന്‍ ഒരു ലോകവും നിങ്ങളൊരു ലോകവുമായി വഴിപിരിഞ്ഞുപോകാറുണ്ട്.അവനവനിലേക്ക് തന്നെ ഓടിയോളിക്കുന്ന മനുഷ്യര്‍,ഞാന്‍ പറയുന്നതവരെപറ്റിയല്ല; അവനവനില്‍നിന്നും പുറത്തേക്ക് തലനീട്ടുന്നവരെപ്പറ്റിയാണു,പക്ഷേ അവന്‍റെ ശബ്ദമൊരിക്കലും നിങ്ങളാരും കേള്‍ക്കാറില്ല.അവനെ നിങ്ങളൊരിക്കലും കണ്ടിട്ട്തന്നെയുണ്ടാവില്ല.കാരണം വ്യരുധ്യങ്ങളിലെ വ്യരുധ്യമില്ലായ്മയെപ്പറ്റി പലപ്പോഴും നമ്മുക്കൊന്നുമറിയില്ല.നെഞ്ചില്‍ നോവു  കുതിരുന്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു..ഉറക്കെയുറക്കെ,പക്ഷേ എന്‍റെ ചിരിയുടെ വരള്‍ച്ചയെ നിങ്ങള്‍ക്ക് കണ്ടെത്താനായില്ല.അങ്ങനെയെന്‍റെ ചിരി പരിഹാസത്തിന്‍റെതായി നിങ്ങളില്‍ പതഞ്ഞിറങ്ങി.എന്നെ ശ്വാസം മുട്ടിക്കുന്ന ഏകാന്തതയുടെ ചുമരുകളും താങ്ങി ഞാന്‍ ആള്‍ക്കൂട്ടത്തില്‍ തല നിവര്‍ത്തി.പക്ഷേ നിങ്ങളുടെ കണ്ണുകളില്‍ അസൂയയുടെ പുളിച്ച നാറ്റങ്ങളില്‍ കൂത്താടി പെരുകി.അപ്പോഴും എന്‍റെ ചുമലുകളില്‍ ഒറ്റപ്പെടലിന്‍റെ പരുപരുപ്പ് നീറി.നായക്ക് കെട്ടിയ ചിലങ്കപോലെ നിരര്‍ത്ഥകമായി, ഒരിക്കലും നിലയുറപ്പിക്കാത്ത എന്‍റെ ശബ്ദങ്ങളിലേക്ക് നിങ്ങള്‍ കാതുകള്‍ നീട്ടി. മിന്നാമിനുങ്ങിന്‍റെ വെളിച്ചംപോലെ ഞാന്‍ കണ്ടെത്തിയ സ്നേഹങ്ങളെല്ലാം നിങ്ങളുടെ പ്രഭാതങ്ങളില്‍ ഒലിച്ചുപോയി.പക്ഷേ എനിക്കൊന്നറിയാം വലിയ വെളിച്ചങ്ങള്‍ ഉണ്ടാകുന്നു എന്നതുകൊണ്ട് മിന്നാമിനുങ്ങ്‌ ഒരിക്കലും ഒരു നുണയാവുന്നില്ല.                                                                                                                               ഇടറാതെ നടന്ന വഴികളില്‍ നിങ്ങളെനിക്ക് കൂട്ടുവന്നു,അറിയാതെവീണ പാതയോരങ്ങളില്‍ നിങ്ങളെന്നില്‍ ചെരിപ്പമര്‍ത്തി.ഞാന്‍ ചിരിച്ചുകോണ്ടെയിരുന്നു.തിരിഞ്ഞുനോക്കിയിട്ടും കാണാതെപോയ എന്നെ നിങ്ങളെങ്ങനെയാണ് ചിരിക്കണ്ണിയുടെ ഇഴകളില്‍ അളന്നെടുക്കുന്നത്?അതെ ഒരിക്കലും നിശബ്ദനാകുവാന്‍ എനിക്കാവില്ല.മറ്റുള്ളവരുടെ കലങ്ങിയ കണ്ണിലെ വേദനയെ സഹതാപത്തിന്‍റെ  ചൂണ്ടയില്‍ തോണ്ടിവലിക്കുന്ന, നിങ്ങളൊരിക്കലെങ്കിലും അറിഞ്ഞിരുന്നോ അവരും നിങ്ങളെ പരിഹസിച്ചു ചിരിക്കുകയായിരുന്നു.അതെ നിങ്ങളറിയാതെപോകുന്ന എന്‍റെ  നോവുകളിനിയുമെരിയട്ടെ...പക്ഷേ എന്‍റെ പരിഹാസത്തിന്‍റെ തീയില്‍ നിങ്ങള്‍ ഈയ്യാംപറ്റായായി മരവിക്കുന്നതെനിക്ക് കാണാം...സത്യത്തില്‍ ഈ ശബ്ദമുഖരിതമായ ചുറ്റുപാടുകളില്‍ നിങ്ങളോരോരുത്തരുടെയും ഉള്ളിലൂടെയും മുന്നിലൂടെയും ഞാന്‍ നടന്നുന്നീങ്ങവേ നിങ്ങളറിയാതെ പോകുന്ന എന്നെയോര്‍ത്ത് ഞാന്‍ വേദനിച്ചിട്ടെയില്ല....ഒരുപക്ഷെ നിങ്ങളറിയാതെപോകുന്ന നിങ്ങളെക്കണ്ടത് എന്നെയേറെ നോവിച്ചിട്ടുണ്ട്.അവനവനിലേക്ക്‌ ചുരുണ്ടുകൂടുന്പോഴും,കുഴിച്ചുമൂടുന്ന നമ്മളെന്ന യാഥാര്‍ത്ഥ്യങ്ങളെ ഏതു പ്രത്യയശാസ്ത്രത്തിന്‍റെ,വിശ്വാസങ്ങളുടെ പുതപ്പിട്ടുമൂടും?നമ്മുക്കിടയില്‍ നാം നഷ്ടപ്പെട്ടുപോകുന്‍പോള്‍ .....വെളിച്ചം പഠിച്ചവന്‍ ഇരുട്ടിനെ ചേര്‍ത്തുവെക്കുന്‍പോള്‍....., അതിനെയൊക്കെ മാറ്റിയെഴുതാന്‍ ഒരാള്‍ക്കുമാത്രമായി ഒരു മാന്ത്രികവടിയും ദൈവം തന്നതുമില്ല. പക്ഷേ നമ്മളില്‍ നാം കണ്ടെത്തുന്ന പരമാര്‍ത്ഥങ്ങളില്‍ ഒരു ലോകം മുഴുവന്‍ മാറ്റിയെഴുതാനുള്ള ദൈവത്തിന്‍റെ മഷി നമുക്കു കണ്ടെത്താനാകും. മണലാരണ്യങ്ങള്‍ വരണ്ടു നീരുന്‍പോഴും  നമ്മുടെ മരുപ്പച്ചകളില്‍ പ്രതീക്ഷകള്‍  നനഞ്ഞു തുടങ്ങവേ..അവിടെ ഞാനും നിങ്ങളും വീണ്ടും കണ്ടുമുട്ടുന്നു.                   ആത്മാവിന്‍റെ നീലജലാശയത്തില്‍ സ്നേഹത്തിന്‍റെ ആബല്‍പ്പൂക്കള്‍ കണ്ണുതുറക്കവേ..നമ്മള്‍ വീണ്ടും പരിചിതരകുന്നു.

Saturday, 3 November 2012

വാക്ക് വറ്റിയവന്‍റെ കാഴ്ച

നഗരമൊരു ഇംഗ്ലീഷ് സുന്ദരിയെപ്പോലെ എനിക്കു മുന്നിലൂടെ ഓടിയകന്നു കൊണ്ടിരുന്നു.ആ വെള്ളാരം കണ്ണുകളിലപ്പോഴും പുതിയ നിറങ്ങള്‍ പുതിയ ഗന്ധങ്ങള്‍ ...ഞാന്‍ ഇപ്പോഴുമറിയാത്ത എന്തൊക്കെയായി അവ മിന്നിമറഞ്ഞുകൊണ്ടിരുന്നു.ബസിനുള്ളിലപ്പോഴും തട്ടുപൊളിപ്പന്‍ പാട്ടിന്‍റെ കുപ്പിചീളുകള്‍ ,പൊട്ടിച്ചിരിയുടെ വളപ്പൊട്ടുകള്‍......,എന്‍റെ കയ്യിലപ്പോഴും സുഹൃത്തിന്‍റെ നേര്‍ത്ത കയ്യ് വിരലുകളുടെ തണുപ്പ്‌..... ...., ഒരു ട്രാഫിക്ബ്ലോക്കിന്‍റെ അസ്വസ്ഥതയില്‍ തിളച്ചുമറിയുന്ന കുറെ മനുഷ്യരുടെ ഇടയിലേക്ക്എന്‍റെ ചിന്തകള്‍ ഒരു ചട്ട്കാലന്‍ നായയെപ്പോലെ മോങ്ങിനടന്നു .വീണും നിരങ്ങിയും ഓടിയും തളര്‍ന്നും അങ്ങനെയങ്ങനെ...ജീവിതമെന്ന മൂന്നക്ഷരത്തിന്‍റെ പല നിറങ്ങളുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ ഞാന്‍ വാക്ക് വറ്റിയ കാഴ്ചക്കാരാനായി...വരയന്‍കൈക്കാരന്‍  പുറത്തേക്ക് വലിച്ചെറിഞ്ഞ ഒരു പോളിത്തീന്‍ കവറിനൊപ്പം ഞാന്‍‌ ഒരു കാക്കയെപ്പോലെപ്പോലെ പറന്നിറങ്ങി.അഴുകിയ യാഥാര്‍ത്ഥ്യങ്ങളില്‍ എനിക്കു മനം പിരട്ടി.വലിച്ചെറിഞ്ഞു വൃത്തിയായവന്‍റെ മുഖത്ത് കാഷ്ടിക്കുവനാണ് തോന്നിയത് ,പക്ഷേ തോന്നലുകള്‍ പലപ്പോഴും തോന്നലുകളായി അകന്നുപോകും..ട്രാന്‍സ്പോര്‍ട്ട് ബസിന്‍റെ തുരുന്‍ബിച്ച ജനലഴികളില്‍ വിഷാദം പാടകെട്ടിയ ഒരുപാട് മുഖങ്ങള്‍,എന്തെക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.നൂറുനൂറു ഹോണടികള്‍ക്കുള്ളില്‍  എന്‍റെ കേള്‍വി മറ്റെന്തക്കെയോ കേള്‍ക്കനലഞ്ഞു.വാച്ചിന്‍റെ ചതുരാകൃതിയിലും വൃത്താകൃതിയിലും കണ്ണിട്ടുരുട്ടി ദേഷ്യം കേട്ടിവെയ്ക്കുന്നവരെക്കണ്ട് എന്‍റെ ചുണ്ടിലൊരു ചിരിതൂവലിഴഞ്ഞു.                                                                                                  ബസിനുള്ളിലെ വിപ്ലവം കണ്ടിട്ടാവണം പാതി താഴ്ത്തിയ ചില്ലുജാലകത്തിലൂടെ ഒരു കുഞ്ഞുമുഖം ഞങ്ങളെ ക്വതുകത്തോടെ നോക്കിത്...പാതിപൊട്ടിച്ച ഏതോ സ്നാക്സ് പാക്കറ്റവന്‍ നെഞ്ഞോടുചേര്‍ത്തുപിടിച്ചിരുന്നു.ഇനി അവനെല്ലാം ശാന്തം,ആ ന്യൂ ജെനറേഷന്‍ ശാന്തിയില്‍ ഞാന്‍ അജിനോമോട്ടോമണത്തു.അകലങ്ങള്‍ അടുപ്പങ്ങളായി ദൂരെമറയവേ വീണ്ടും വിരസതയെന്നെ ചുറ്റിപ്പിടിച്ചു.  ...                'ഏയ്‌എന്താ നിനക്ക് പറ്റീത്?ഒന്നും മിണ്ടാതെയിങ്ങനെ?'                                                 അവളുടെ ശബ്ദം വീണ്ടും എന്നെ അവരിലേക്ക് വിളിച്ചുണര്‍ത്തി.നിരര്‍ത്ഥകമായി ചിരിച്ചു വീണ്ടും പുറത്തേക്ക് നോക്കവേ ഞാന്‍‌ ചോദ്യങ്ങള്‍ക്കുത്തരമായി പുതിയ ചോദ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുവാരുന്നു.എനിക്കിപ്പോഴും കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടക്കുന്ന ആ വലിയ കെട്ടിടം കാണാം.ഉറുബുകലെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരിക്കുന്ന കുറെയേറെപ്പേരെയും.ഇരുബ് വെള്ളമാകുന്ന ഈ തീപ്രാന്തന്‍ വെയിലില്‍ അവരിതെങ്ങനെ......?ഞാനും എന്‍റെ ചിന്തകളും അവിടെ വിയര്‍ത്തൊലിച്ചുപോയി.അപ്പോഴും കാറിനുള്ളിലെ തടിച്ച സ്ത്രീ പുരട്ടിയ ലിപ്സ്ടിക് ചുവപ്പിച്ചതെന്‍റെ കണ്ണുകളെയാണ്.അങ്ങകലെ ചവട്ടുകൂന്‍ബാരങ്ങളില്‍ വീര്‍ത്തുപൊട്ടിയ സ്വപ്നങ്ങള്‍ തിരയുന്ന കുറെ മനുഷ്യജന്മങ്ങള്‍ അവര്‍ ചെയ്യുന്നതെല്ലാം  വ്യക്തമായില്ലെങ്ങിലും അവരും ജീവിതംതന്നെയാവും അന്വേഷിക്കുന്നത്.                   മിനറല്‍വാട്ടര്‍ വായിലേക്ക് കമഴ്ത്തിയ അയാളുടെ കണ്ണില്‍ അക്ഷമ ഒരു തേരട്ടയെപ്പോലെ ചുരുണ്ടുവോ?ഒരു മിനറല്‍വാട്ടറിനും വൃത്തിയാക്കനാവാത്ത നമ്മുടെ മനസ്സുകളെപ്പറ്റിയോര്‍ത്തപ്പോള്‍ എനിക്ക് ജാള്യത തോന്നി.ചെബിച്ച മുടിയില്‍ ചിരികരിഞ്ഞ മുല്ലപ്പൂക്കളും തിരുകി പാതിയുലഞ്ഞ സാരിയുടുത്ത ഒരമ്മ.അവളുടെ ശോഷിച്ച കയ്യില്തൂങ്ങി ഒരു പിഞ്ഞും ചെരിപ്പിടാത്ത യാഥാര്‍ത്ഥ്യമായി ഇവിടെ.ആ കുഞ്ഞുചിരിയുടെ തിളക്കം ആ പീലിക്കണ്ണ്‍കളിലേക്കെത്താതിരുന്നത് എന്നെ നോവിപ്പിച്ചു.ആ കുഞ്ഞിനേയും വലിച്ചുകൊണ്ട് അവര്‍ വണ്ടികള്‍ക്കിടയില്‍ എങ്ങോ മറഞ്ഞു.അവര്‍ക്കുപിന്നാലെ പോയ എന്‍റെ മനസ് വഴി തെറ്റി.വണ്ടികള്‍ പതുക്കെ നീങ്ങിത്തുടങ്ങവേ എന്‍റെ കാഴ്ചയെ ഫ്ലാറ്റുകള്‍ കൂര്‍ത്ത പല്ലുകളില്‍ ഞെരുക്കി.ജനല്‍മറക്കപ്പുറം ആകാശം നഷ്ടപ്പെടുന്ന ഈ  മനുഷ്യജന്മങ്ങലാന്നോ ഈ നഗരത്തിന്‍റെ അവകാശികള്‍?ഇവരുടെ കാലടികളില്‍ ഒരു മെഴുകുതിരിപോലെ സ്വയം ഉരുകിയില്ലാതാകുന്ന മണ്ണിന്‍റെ മണമുള്ള ഒരുപാട് ജീവിതങ്ങള്‍.. .,മാഷ് പറഞ്ഞപോലെ,നിശബ്ദമായി പ്രകാശിക്കുന്ന, അഴുകിയ യാഥാര്‍ത്ഥ്യങ്ങളെ നെഞ്ചോടടക്കിയ ഈ പാവം ജനങ്ങളാണ് ഈ മണ്ണിന്‍റെ യദാര്‍ത്ഥ അവകാശികള്‍....,.....അതെപ്പട്യോര്‍ത്തുകൊണ്ട് ഞാന്‍ കണ്ണുകളടച്ചു.