Tuesday, 22 January 2013

അകലേയ്ക്ക്

ഓര്‍മ്മകളുടെ പശപ്പില്‍
എന്നിലേക്കൊട്ടിച്ചേര്‍ന്ന നിന്റെ
സ്നേഹത്തിന്റെ ചിത്രം
പറിച്ചെറിയുവാനാഞ്ഞുവെങ്കിലും
എന്നത്തെയുംപോലെയിന്നുമൊരൂ
നോവിക്കുന്ന രക്തക്കറ എന്റെ
മനസ്സിന്റെ ഭിത്തിയില് പതിച്ചുകൊണ്ടതെന്നിലേക്ക്
താഴ്ന്നിറങ്ങി..
നിറങ്ങള്‍ കൊഴിഞ്ഞുവീണ
സ്വപ്നങ്ങളില്‍ അതിന്‍ നിഴലെനിക്ക്
കൂട്ടുനില്‍ക്കവേ
ഇന്നലകളെന്നിലേക്ക് നടന്ന
വഴികളില്‍ നിന്റെ
കാല്പ്പെരുമാറ്റത്തിന്റെ
ഇലയനക്കങ്ങള്‍ പിടഞ്ഞു.
നിന്റെ മറവിതന്‍ ആഴങ്ങളില്‍
മരിച്ചുവെന്നിരിക്കിലും
മരവിച്ച ഏകാന്തതയിലും നിന്‍
കയ്യ് വിരലിന്‍ ചൂടിലെനിക്ക്
പുനര്‍ജ്ജന്മം.
പകരത്തിനൊരു പകരംപോലുമില്ലന്ന-
റിവൂ  ഞാന്‍..,
നിന്നിലേക്ക് പൂക്കാനും
കൊഴിയാനുമിനിയേറെ വസന്തങ്ങള്‍
ബാക്കിയാവുന്നെങ്ങിലും
കണ്ണീരിന്‍ നനവുകളില്‍
ചിരിമരത്തിന്‍ വിത്തുകള്‍
പാകി നീയൊരുക്കിയ
തണല്‍ വഴികളിലൂടെ  ഞാന്‍നടന്നുന്നീങ്ങുന്നു.

Sunday, 20 January 2013

പോസ്റ്മോര്‍ട്ടം

തയ്യല്‍ക്കാരിയുടെ നിറം മങ്ങിയ ടേബിളില്‍ വിറങ്ങലിച്ച ശവംപോലെ ഞാനിന്നലെ വാങ്ങിയ ചുരിദാര്‍പ്പീസ് മലര്‍ന്നുകിടക്കുകയായിരുന്നു.അവളുടെ കാലന്‍കത്രിക എല്ലാ സ്വകാര്യതകളെയും ഭേദിച്ചുകൊണ്ട് കയ്യ് വെട്ടലും കാല്‍ വെട്ടലും കഴുത്ത് മുറിക്കലുമാരംഭിച്ചു.മാന്തിപൊളിച്ച ജഡമായി അത് അവ്യക്തരൂപം പൂണ്ടു.ശവംകൊല്ലീയുടെ മുഖത്തെ നിര്‍വികാരത കണ്ടുനില്‍ക്കാനൊരാനന്ദം ഉണ്ടായിരുന്നു.പൊളിച്ചു പുറത്തേക്കിട്ടതെല്ലാം കുത്തിനിറക്കുകയും തുന്നിക്കൂട്ടുകയുമായിരുന്നു അവള്‍...,ഒടുവില്‍ എന്റെ മുന്നിലേക്ക് അവളെടുത്തിട്ടത് എന്റെ തലയില്ലാത്ത രൂപമായിരുന്നു........

Friday, 11 January 2013

എന്നെയറിയാമോ?

അമ്മയുടെ മാറില്‍ ഖനീഭവിച്ചുപോയത്
എനിക്ക് നിഷേധിക്കപ്പെട്ട ജീവന്‍
പ്ലാസ്റ്റിക്ക് കുപ്പിയില്‍ നിറച്ചുതന്നത്
നിര്‍ജീ വത്വത്തിന്റെ തുള്ളികള്‍
മാതൃത്വത്തിനു പാന്‍പരാഗ്കൂടിന്റെ
ലഹരിയില്ലായ്മ
സംശയം നിഴലൂട്ടിയ അച്ഛന്റെ
കണ്ണുകളില്‍ കപട പിതൃത്വഭാവം
നിറമില്ലാത്ത സ്നേഹത്തിനു
ഒഴിഞ്ഞ മദ്യക്കുപ്പിയുടെ ഗന്ധം
എന്റെ വേദനകള്‍ക്ക്
എരീഞ്ഞുതീരാത്ത സിഗരറ്റിന്റെ രുചി
എനിക്ക് വേണ്ടതെല്ലാം ഡി സ്പോസിബിള്‍
ഇനി നിന്നെയും....
അതെ, ഞാന്‍ ദാഹിക്കുന്ന യുവാവ്