നിശബ്ദനായ ഞാന്‍ എല്ലാവര്‍ക്കും ഒരു തമാശ ആയിരിക്കും..അതെ ഞാനും എന്‍റെ ചുറ്റുപാടുകളും ഒരിക്കലും നിശബ്ദമാകാറെയില്ല.എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിക്കുക,സത്യത്തില്‍ എന്താണ് ചെയ്യേണ്ടത് എനിക്കു വല്യ നിശ്ചയമില്ല,എങ്കിലും എന്‍റെതായ ശരികളിലൂടെ അധ്വാനിക്കുന്ന മടി<മട>യനായി ഞാനും നിങ്ങള്‍ക്കിടയിലൂടെ നടന്നുപോകാറുണ്ട്.നിങ്ങളില്‍ ഒരു ചിരിപൊടിഞ്ഞുവോ?ചിരിച്ചോളൂ, അതൊരിക്കലും ഒരു നോവകാതിരിക്കട്ടെ..പക്ഷേ പലപ്പോഴും എനിക്കുമുന്നില്‍ ഞാന്‍ ഒരു ലോകവും നിങ്ങളൊരു ലോകവുമായി വഴിപിരിഞ്ഞുപോകാറുണ്ട്.അവനവനിലേക്ക് തന്നെ ഓടിയോളിക്കുന്ന മനുഷ്യര്‍,ഞാന്‍ പറയുന്നതവരെപറ്റിയല്ല; അവനവനില്‍നിന്നും പുറത്തേക്ക് തലനീട്ടുന്നവരെപ്പറ്റിയാണു,പക്ഷേ അവന്‍റെ ശബ്ദമൊരിക്കലും നിങ്ങളാരും കേള്‍ക്കാറില്ല.അവനെ നിങ്ങളൊരിക്കലും കണ്ടിട്ട്തന്നെയുണ്ടാവില്ല.കാരണം വ്യരുധ്യങ്ങളിലെ വ്യരുധ്യമില്ലായ്മയെപ്പറ്റി പലപ്പോഴും നമ്മുക്കൊന്നുമറിയില്ല.നെഞ്ചില്‍ നോവു കുതിരുന്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു..ഉറക്കെയുറക്കെ,പക്ഷേ എന്‍റെ ചിരിയുടെ വരള്‍ച്ചയെ നിങ്ങള്‍ക്ക് കണ്ടെത്താനായില്ല.അങ്ങനെയെന്‍റെ ചിരി പരിഹാസത്തിന്‍റെതായി നിങ്ങളില്‍ പതഞ്ഞിറങ്ങി.എന്നെ ശ്വാസം മുട്ടിക്കുന്ന ഏകാന്തതയുടെ ചുമരുകളും താങ്ങി ഞാന്‍ ആള്‍ക്കൂട്ടത്തില്‍ തല നിവര്‍ത്തി.പക്ഷേ നിങ്ങളുടെ കണ്ണുകളില്‍ അസൂയയുടെ പുളിച്ച നാറ്റങ്ങളില്‍ കൂത്താടി പെരുകി.അപ്പോഴും എന്‍റെ ചുമലുകളില്‍ ഒറ്റപ്പെടലിന്‍റെ പരുപരുപ്പ് നീറി.നായക്ക് കെട്ടിയ ചിലങ്കപോലെ നിരര്‍ത്ഥകമായി, ഒരിക്കലും നിലയുറപ്പിക്കാത്ത എന്‍റെ ശബ്ദങ്ങളിലേക്ക് നിങ്ങള്‍ കാതുകള്‍ നീട്ടി. മിന്നാമിനുങ്ങിന്‍റെ വെളിച്ചംപോലെ ഞാന്‍ കണ്ടെത്തിയ സ്നേഹങ്ങളെല്ലാം നിങ്ങളുടെ പ്രഭാതങ്ങളില്‍ ഒലിച്ചുപോയി.പക്ഷേ എനിക്കൊന്നറിയാം വലിയ വെളിച്ചങ്ങള്‍ ഉണ്ടാകുന്നു എന്നതുകൊണ്ട് മിന്നാമിനുങ്ങ് ഒരിക്കലും ഒരു നുണയാവുന്നില്ല. ഇടറാതെ നടന്ന വഴികളില്‍ നിങ്ങളെനിക്ക് കൂട്ടുവന്നു,അറിയാതെവീണ പാതയോരങ്ങളില്‍ നിങ്ങളെന്നില്‍ ചെരിപ്പമര്‍ത്തി.ഞാന്‍ ചിരിച്ചുകോണ്ടെയിരുന്നു.തിരിഞ്ഞുനോക്കിയിട്ടും കാണാതെപോയ എന്നെ നിങ്ങളെങ്ങനെയാണ് ചിരിക്കണ്ണിയുടെ ഇഴകളില്‍ അളന്നെടുക്കുന്നത്?അതെ ഒരിക്കലും നിശബ്ദനാകുവാന്‍ എനിക്കാവില്ല.മറ്റുള്ളവരുടെ കലങ്ങിയ കണ്ണിലെ വേദനയെ സഹതാപത്തിന്‍റെ ചൂണ്ടയില്‍ തോണ്ടിവലിക്കുന്ന, നിങ്ങളൊരിക്കലെങ്കിലും അറിഞ്ഞിരുന്നോ അവരും നിങ്ങളെ പരിഹസിച്ചു ചിരിക്കുകയായിരുന്നു.അതെ നിങ്ങളറിയാതെപോകുന്ന എന്‍റെ നോവുകളിനിയുമെരിയട്ടെ...പക്ഷേ എന്‍റെ പരിഹാസത്തിന്‍റെ തീയില്‍ നിങ്ങള്‍ ഈയ്യാംപറ്റായായി മരവിക്കുന്നതെനിക്ക് കാണാം...സത്യത്തില്‍ ഈ ശബ്ദമുഖരിതമായ ചുറ്റുപാടുകളില്‍ നിങ്ങളോരോരുത്തരുടെയും ഉള്ളിലൂടെയും മുന്നിലൂടെയും ഞാന്‍ നടന്നുന്നീങ്ങവേ നിങ്ങളറിയാതെ പോകുന്ന എന്നെയോര്‍ത്ത് ഞാന്‍ വേദനിച്ചിട്ടെയില്ല....ഒരുപക്ഷെ നിങ്ങളറിയാതെപോകുന്ന നിങ്ങളെക്കണ്ടത് എന്നെയേറെ നോവിച്ചിട്ടുണ്ട്.അവനവനിലേക്ക് ചുരുണ്ടുകൂടുന്പോഴും,കുഴിച്ചുമൂടുന്ന നമ്മളെന്ന യാഥാര്‍ത്ഥ്യങ്ങളെ ഏതു പ്രത്യയശാസ്ത്രത്തിന്‍റെ,വിശ്വാസങ്ങളുടെ പുതപ്പിട്ടുമൂടും?നമ്മുക്കിടയില്‍ നാം നഷ്ടപ്പെട്ടുപോകുന്‍പോള്‍ .....വെളിച്ചം പഠിച്ചവന്‍ ഇരുട്ടിനെ ചേര്‍ത്തുവെക്കുന്‍പോള്‍....., അതിനെയൊക്കെ മാറ്റിയെഴുതാന്‍ ഒരാള്‍ക്കുമാത്രമായി ഒരു മാന്ത്രികവടിയും ദൈവം തന്നതുമില്ല. പക്ഷേ നമ്മളില്‍ നാം കണ്ടെത്തുന്ന പരമാര്‍ത്ഥങ്ങളില്‍ ഒരു ലോകം മുഴുവന്‍ മാറ്റിയെഴുതാനുള്ള ദൈവത്തിന്‍റെ മഷി നമുക്കു കണ്ടെത്താനാകും. മണലാരണ്യങ്ങള്‍ വരണ്ടു നീരുന്‍പോഴും നമ്മുടെ മരുപ്പച്ചകളില്‍ പ്രതീക്ഷകള്‍ നനഞ്ഞു തുടങ്ങവേ..അവിടെ ഞാനും നിങ്ങളും വീണ്ടും കണ്ടുമുട്ടുന്നു. ആത്മാവിന്‍റെ നീലജലാശയത്തില്‍ സ്നേഹത്തിന്‍റെ ആബല്‍പ്പൂക്കള്‍ കണ്ണുതുറക്കവേ..നമ്മള്‍ വീണ്ടും പരിചിതരകുന്നു.
ഉത്ഖനനം കൊള്ളാം
ReplyDeleteവ്യത്യസ്തമായ ചിന്തകളാണല്ലോ
കൊള്ളാം..നല്ല ഭാഷാശൈലി..നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍
ReplyDelete